Thursday, April 11, 2013

ചിപ്പിയാണു ഞാന്‍


ആഴിക്കടിയിലെ ചിപ്പിയാണു ഞാന്‍
ആശിച്ചു നിനക്കൊരു സമ്മാനം നല്‍കാന്‍
അറ തുറന്നതിലെന്റെ കണ്ണുനീര്‍ വീഴ്‌ത്തി
ഇമയടച്ചിരുന്നൊരു പവിഴം തീര്‍ത്തു.

ഒരുപിടി കളിമണ്ണാണെങ്കിലും ഞാന്‍
നിനക്കായൊരു കളി പാത്രമാകാം
കാഴ്‌ചയിലൊരു ശില പോലെയാണെങ്കിലും
കൌതുകമുള്ളൊരു ശില്‍പമാകാം

ഞാനൊരു പാഴ്‌മുളം തണ്ടാണെങ്കിലും
നിനക്കായൊരോടക്കുഴലായിടാം
മുള്‍മുനയാണെന്റെ മേനിയിലെങ്കിലും
മലരൊന്ന്‌ നിനക്കായ്‌ വിരിയിച്ചിടാം

കണ്‍കളില്‍ കര്‍പൂരക്കാഴ്‌ചയാകാനായ്‌
കത്തിയെരിയുന്ന ദീപമാകാം
ബാഷ്‌പകണങ്ങളാല്‍ മഴവില്ല്‌ തീര്‍ത്ത്‌
ഹര്‍ഷ പുളകിതനാക്കിടാം  ഞാന്‍
---------------

മുത്ത്‌ രൂപപ്പെടാനുള്ള ബീജം അടങ്ങുന്ന ജലകണം ചിപ്പി സ്വീകരിച്ച്‌ ആഴിയുടെ അഗാധതയില്‍ കിടന്നു കൊണ്ട്‌ മുത്തുണ്ടാകുന്നു.അതല്ല ആകസ്മികമായി അകപ്പെടുന്ന മണൽത്തരി പോലെയുള്ള ബാഹ്യവസ്തുക്കൾ ചിപ്പിയുടെ മാംസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവരണം ചെയ്ത് കട്ടപിടിക്കുന്നു.എന്നിങ്ങനെ രണ്ട്‌ വിധങ്ങള്‍ മുത്തുണ്ടാകുന്ന പ്രക്രിയയെ കുറിച്ച് വിശ്വസിച്ചു പോരുന്നു.ഏതായാലും ഈ സര്‍‌ഗാത്മകയുടെ സാധനയായിരുന്നു കവിതയുടെ ജന്മം.