Sunday, March 21, 2021

മദ്‌ഹൊലി

 

മക്കത്തെ താഴ്‌വരയെ
നറുമണം പൂശിച്ച
മണിമുത്ത്‌ സ്വല്ലല്ലാഹ്,

മാനം തെളിഞ്ഞല്ലോ
മരുഭൂവുണർന്നല്ലോ
മദ്ഹൊലി സ്വല്ലല്ലാഹ്
-------
മക്കാ മലഞ്ചരുവില്‍
മധു മലരായ്‌ പൂവിട്ട്‌

പൂനിലാവൊളിയായി
പാരാകെ ശോഭിച്ച്‌

കൂരിരുട്ടിൻ മാറിൽ
കൈതിരി തെളിയിച്ച്

മന്ത്രമായ്‌.....
മൂളുമാ
മഹിതമാം മദ്‌‌ഹൊലി
മദ്‌ഹൊലി സ്വല്ലല്ലാഹ്
-------
ചുണ്ടില്‍ സ്‌തുതി കോര്‍‌ത്ത്‌
ചുറ്റും പറക്കുന്ന

ചിറകില്‍ തിര തീർത്ത്
ചിത്രം വരയ്ക്കുന്ന

പൂങ്കുയിൽ പാടുന്ന
പാട്ടിൽ ലയിക്കുവാൻ

മന്ത്രമായ്‌.....
മൂളുമാ
മഹിതമാം മദ്‌‌ഹൊലി
മദ്‌ഹൊലി സ്വല്ലല്ലാഹ്
-------
മലയോളം മക്കയിൽ
മന്ത്രം തുടിക്കുന്ന

മാലാഖമാർ മട്ടിൽ
മഹിയിൽ ഇറങ്ങുന്ന

പുത്തന്‍ യുഗപ്പിറ
പട നാദം കേള്‍‌ക്കുവാന്‍

മന്ത്രമായ്‌.....
മൂളുമാ
മഹിതമാം മദ്‌‌ഹൊലി
മദ്‌ഹൊലി സ്വല്ലല്ലാഹ്
-------
ലൈലാക്കി മാനവര്‍
ലോകര്‍ സുഷുപ്‌തിയില്‍

ആലസ്യ ലോകത്ത്
ആണ്ട്‌ മയങ്ങുമീ

ഭൂമുഖത്തോപ്പിലെ
ബഹു വര്‍‌ണ്ണ പൂക്കളില്‍

മന്ത്രമായ്‌.....
മൂളുമാ
മഹിതമാം മദ്‌‌ഹൊലി
മദ്‌ഹൊലി സ്വല്ലല്ലാഹ്
--------------------------------
അസീസ്‌ മഞ്ഞിയില്‍
--------------------------------


Thursday, December 31, 2020

നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു

നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു
നീ തന്ന...
അനുഗ്രഹങ്ങള്‍ക്ക് പകരമായി
വഴിവിളക്കും ദിശാ സൂചികയും
എനിക്കേകിയതിന്ന്‌ പകരമായി....

കനം തൂങ്ങി കുമ്പിട്ട് നില്‍ക്കുന്ന ഗോതമ്പ്
ചെടികള്‍ തന്‍ രാഗാര്‍ദ്ര മര്‍മ്മരങ്ങള്‍
ഏറ്റ് പാടിക്കൊണ്ടണയുന്ന കാറ്റിന്റെ
ചുണ്ടിലെ മധു മന്ത്ര ധ്വനികളാലോ ?

താരങ്ങള്‍ പൂക്കുമിരുട്ടിന്റെ താഴ്‌വരയില്‍
മിഴിപൂട്ടി നില്‍ക്കുന്ന പൂമൊട്ടുകള്‍
മൂളും രാഗ സുധയാല്‍ ചാഞ്ചാടും
ചില്ല തന്‍ ചേലൊത്ത ചൊടികളാലോ ?

മാരി വില്‍വിരിയുന്ന നാളുകളും കാത്ത്
മഴമേഘങ്ങള്‍ തന്‍ വരവും പാര്‍ത്ത്
കേഴുന്ന വേഴാമ്പല്‍ പക്ഷി തന്‍ ഗദ്‌ഗദം
ഉണരും തന്ത്രി തന്‍ സ്വരങ്ങളാലോ ?

നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു
നീ തന്ന...
അനുഗ്രഹങ്ങള്‍ക്ക് പകരമായി
വഴിവിളക്കും ദിശാ സൂചികയും
എനിക്കേകിയതിന്ന്‌ പകരമായി....

മഞ്ഞിയില്‍..

Thursday, October 1, 2020

മക്കത്ത് പൂത്തൊരു പൂവിന്‍

മക്കത്ത് പൂത്തൊരു പൂവിന്‍
മണമിന്നും തീര്‍‌‌ന്നില്ലാ
മദീനത്ത് മാഞ്ഞ ഖമറിന്‍
പ്രഭയിന്നും മാഞ്ഞില്ലാ..
--------
മുന്തിരിവള്ളികള്‍ കാറ്റിലുലഞ്ഞു
മധുരക്കനികള്‍ തിങ്ങി നിറഞ്ഞു
മണല്‍ കാട്ടിലന്ന്‌ മലരുകള്‍ വിടര്‍‌ന്നു
മരുഭൂമിയിലാകെ
നറുമണം പരന്നു..
സല്ലല്ലാഹു അലാ മുഹമ്മദ്‌...
സല്ലല്ലാഹു അലൈഹി വസല്ലം...
--------
മഗ്‌രിബും മശ്‌രിഖും തുടു തുടുത്തിരുന്നു
മദ്‌ഹുകൾ മൂളിക്കൊണ്ട്‌ മരുക്കാടും ഉണര്‍‌ന്നൂ..
മധു മന്ദഹാസത്താലെ
മധുപന്മാര്‍ പറന്നു...
സല്ലല്ലാഹു അലാ മുഹമ്മദ്‌...
സല്ലല്ലാഹു അലൈഹി വസല്ലം...
--------
കിലു കിലെ കലിമകള്‍ കടലിരമ്പിടുന്നു
മിനു മിനു മിന്നും താര ഗണങ്ങളും ഉണര്‍‌ന്നു
തസ്‌ബീഹിന്‍ സ്വരം കൂട്ടി
മഴമേഘം പടര്‍‌‌ന്നൂ...
സല്ലല്ലാഹു അലാ മുഹമ്മദ്‌...
സല്ലല്ലാഹു അലൈഹി വസല്ലം...
--------

എഴുപതുകളില്‍/വെന്മെനാട്‌ പഠിച്ചിരുന്ന കാലത്ത് എഴുതിയ ഒരു രചന.
മര്‍‌ഹൂം കെ.ജി സത്താര്‍ ആകാശവാണിയിലൂടെ ശബ്‌ദം നല്‍‌കിയ വരികള്‍.....
.....

Friday, March 15, 2019

ഉദയ ഗീതം..

ഉദിച്ച്‌ പൊന്തിയ സുര്യനെ മണ്ണില്‍
മറച്ച്‌ വയ്‌ക്കാനാകില്ല
സ്‌തുതിച്ച് പാടും കള കള നാദം
നിശ്ശബ്‌ദമാക്കാനാകില്ല
വിരിയും പൂക്കള്‍ ചൊരിയും പരിമളം
ഒതുക്കിവയ്‌ക്കാനാകില്ല
തിരമാലകളുടെ അലര്‍ച്ച ദണ്ഡാ -
ലടിച്ചമര്‍ത്താനാകില്ല.

പ്രകാശപൂരിതമാക്കാനണയും
പ്രഭാതമാണേ ഞങ്ങള്‍
പ്രകാശ സുന്ദര തീരം തേടും
വെള്ളി പിറാക്കള്‍ ഞങ്ങള്‍

വിശുദ്ധിയുടെ നേര്‍ ശുഭ്രതയില്‍
പാലൊളിയായ്‌ ഉണരും ഞങ്ങള്‍
കൂലം കുത്തിപായും നദികളെ
വെല്ലും  ത്വരയാല്‍ ഞങ്ങള്‍

ഇരുട്ടിലിഴയും മര്‍ത്ത്യനു വെട്ടം
കൊളുത്തി വയ്‌ക്കും ഞങ്ങള്‍
മുറിഞ്ഞ മനസ്സിന്‍ നൊമ്പരമേതും
പകുത്ത് വാങ്ങും ഞങ്ങള്‍

പതിതരുണര്‍ന്നെഴുന്നേല്‍ക്കാന്‍
വീര്യം പകര്‍ന്നു നല്‍കും ഞങ്ങള്‍
പീഡിതരുടെ ഇണതുണയായെന്നും
പറന്നണയും ഞങ്ങള്‍

മൌനം പൂണ്ട് സഹിക്കുന്നോരുടെ
സ്വരമായുണരും ഞങ്ങള്‍
മണ്ണില്‍ വീണു തളരുന്നോരുടെ
തണലാണെന്നും ഞങ്ങള്‍

മുള്ളുകള്‍ വാരിയെറിയുന്നോര്‍ക്കും
പൂവുകള്‍ നല്‍കും  ഞങ്ങള്‍
കല്ലും മുള്ളും നിറഞ്ഞപാതയില്‍
കൈകോര്‍ത്തിറങ്ങും ഞങ്ങള്‍
......
മഞ്ഞിയില്‍
1992 ല്‍ എഴുതിയത്

Sunday, September 7, 2014

മലയാള കിളിയുടെ കള മൊഴികള്‍

മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍

ഒരേമരക്കൊമ്പില്‍ പല തരമുള്ള പൂക്കള്‍
അതേ മരത്തില്‍ തന്നെയും വിവിധ കനികള്‍
അകം നിറയുന്നേ കണ്ണ് കുളിര്‍ക്കും മരങ്ങള്‍

അതിലിരുന്നിമ്പത്താലെ കിളി പാടുന്നേ
മധുവുറും ഇശല്‍ കേട്ട് മനം മറന്നേ
മലയാള കിളിയുടെ കളമൊഴികള്‍
മണല്‍ കാട്ടിലിരുന്നാലും ഉണര്‍ന്നു കാതില്‍

ഇതേ ശാന്തി മന്ത്രമല്ലേ ടിപ്പുസുല്‍ത്താനോതി
ഇതേ ശ്രുതി പെരുമാളിന്‍ സിംഹാസനം മൂളി
ദിവാന്മാരെ ചൊടിപ്പിച്ചതിതേ താള രീതി

മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍

ഗത കാല കഥ പാടി കിളി പറന്നേ
ഗതി കെട്ടോന്‍ വില്ലും കുലച്ചൊളിച്ചിരുന്നേ
മലയാള കിളിയുടെ കളമൊഴികള്‍
മണല്‍ കാട്ടിലിരുന്നാലും ഉണര്‍ന്നു കാതില്‍

മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍

മലങ്കാടിന്‍ മണം കൊള്ളാനറബികളെത്തി
മഹിതമാം സംസ്കാര പ്രഭയും പരത്തി
മനുഷ്യനെ തിരിക്കുന്ന ത്വരയെ തുരത്തി

മനുജരെല്ലാരുമൊറ്റ കുലമാണെന്ന്
മധുരമായ് ധരിപ്പിക്കാനവര്‍ നടന്ന്
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍

ഗുരു പിന്നെയേറ്റുപാടി ഇതേ കിളി നാദം
ഗാന്ധിജി പിടഞ്ഞു വീണതിതുതാന്‍ നിതാനം
ക്രൂരതെക്കെന്താണിതില്‍ പരമൊരു മാനം

മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍

ഇതേ കിളി കൊഞ്ചലല്ലേ എഴുത്തഛന്‍ പാടി
അതേ കിളിത്തുള്ളലല്ലേ കുഞ്ചനൊക്കെയാടി
ഇതേ കഥയുണര്‍ത്തുമ്പോള്‍ മനം കുളിര്‍ ചൂടി


ഇത്‌ പാടാന്‍ ചിറകടിച്ചുയര്‍ന്നു കിളി
കഥ കേള്‍ക്കാനകം വെമ്പി തിരയിളകി
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍

Monday, July 8, 2013

വെള്ളി വര മാനത്ത്‌

കാരക്കച്ചീന്ത്‌ പോലൊരു വെള്ളി വര മാനത്ത്‌
കാതോര്‍ത്ത്‌ രാവും പകലും നിന്നൂ ദൈവ സ്തുതി കേട്ട്‌
തിരയിളകും കണ്ണും കരളും വിണ്ണോളം ഉയരുന്നൂ
തീരാത്ത സുകൃതം കൊണ്ടീ മണ്ണും വിണ്ണായ്‌ തീരുന്നൂ..

മലര്‍ മൊട്ടിന്‍ ചേലില്‍ മിഴികള്‍ കൂപ്പി ധ്യാന നിമിഷങ്ങള്‍
തളിര്‍ തണ്ടായ്‌ നിന്നൂ മന്ത്ര മുതിരും പുണ്യ യാമങ്ങള്‍
‍തെന്നല്‍ മൂളും പോലേയുള്ളിലെങ്ങും ശാന്തി ഗീതങ്ങള്‍
‍തിരമാലകള്‍ തല തല്ലിക്കരയും സുകൃത യാമങ്ങള്‍

താരങ്ങള്‍ മിന്നും മട്ടില്‍ ചുണ്ടില്‍ മധുര മന്ത്രങ്ങള്‍
‍തോരാ മഴ പോലേ പെയ്‌തിറങ്ങും മിഴിയോരങ്ങള്‍
മലരിതളുകള്‍ മണ്ണില്‍ വീണുടയും മുഹൂര്‍ത്തങ്ങള്‍
മണിവീണകള്‍ ശ്രുതിതേങ്ങി ഉണരും സുകൃതയാമങ്ങള്‍