Tuesday, December 27, 2016

കൈത്തിരി

2016 ഡിസം‌ബറില്‍.ഉലഞ്ഞുടഞ്ഞ പൂക്കളും പൂങ്കാവനവും.സങ്കടപ്പെരുമഴയുടെ സംഗീതം കാതോര്‍‌ത്ത്‌ മരക്കൊമ്പിലമര്‍ന്നിരിക്കുന്ന പൈങ്കിളികളും.വിങ്ങിപ്പൊട്ടുന്ന സായാഹ്നം.സുധീരനായ കൗമാരക്കാരന്‍ മുഹമ്മദ്‌ ഫാസില്‍ വിടരും മുമ്പേ അടര്‍ന്നു വീണ നിമിഷങ്ങള്‍.

2003 ജൂണ്‍ മാസത്തില്‍.കാറ്റും കോളും നിറഞ്ഞ പ്രകൃതം.ചില്ലകളൊടിഞ്ഞ വൃക്ഷ ശിഖിരങ്ങള്‍.കരഞ്ഞു കലങ്ങിയ ചക്രവാളം.കണ്ണീരൊലിപ്പിച്ച സായാഹ്നം.ബാല പ്രതിഭ അബ്‌സ്വാര്‍ കരുണാ വാരിധിയില്‍ ലയിച്ചമര്‍‌ന്ന നിമിഷങ്ങള്‍.

ഒരു മഞ്ഞുകാലത്തിന്റെയും മഴക്കാലത്തിന്റെയും ഇടയില്‍ കുറിക്കപ്പെട്ട വരികള്‍.

കയ്യിലെരിയുന്നുണ്ട്‌ കൈത്തിരി
--------------
കയ്യിലെരിയുന്നുണ്ട്‌ കൈത്തിരി
ഉള്ളിലുണ്ട് നെയ്‌ത്തിരി
പാട്ടുമൂളും തെന്നലില്‍ തിര
തല്ലിടുന്ന കിങ്ങിണി
കേട്ട് പേടിക്കുന്ന ദീപ
നാളമെന്തൊരു സുന്ദരി..


പൂവറുക്കും  ചേലില്‍ കൈത്തിരി
നാളവും പറിച്ച്
തെന്നലോടിപ്പോയി ദീപ
നാളമൊളിപ്പിച്ച്...

എണ്ണ തീരും മുമ്പണഞ്ഞീ
മണ്‍ ചിരാതിന്‍ മാതിരി
അല്ലയോ ജീവന്റെ നാളം
കാറ്റിലുലയും നെയ്‌ത്തിരി..

മേഘമായൊരു നൂറു നാഴിക
എന്തിനു ജീവിക്കണം
മിന്നലായൊരു നിമിഷമെത്ര
മനോഹരമെന്നോര്‍‌ക്കണം ..

കത്തിയെരിയുകയല്ലോ വെട്ടം
പെയ്‌തിറങ്ങാന്‍ ചുറ്റിലും
കാറ്റിലാടിയുലഞ്ഞു നാളം
കണ്ണടക്കും നേരവും....
-----------
നാടകഗാനം