Friday, March 15, 2019

ഉദയ ഗീതം..

ഉദിച്ച്‌ പൊന്തിയ സുര്യനെ മണ്ണില്‍
മറച്ച്‌ വയ്‌ക്കാനാകില്ല
സ്‌തുതിച്ച് പാടും കള കള നാദം
നിശ്ശബ്‌ദമാക്കാനാകില്ല
വിരിയും പൂക്കള്‍ ചൊരിയും പരിമളം
ഒതുക്കിവയ്‌ക്കാനാകില്ല
തിരമാലകളുടെ അലര്‍ച്ച ദണ്ഡാ -
ലടിച്ചമര്‍ത്താനാകില്ല.

പ്രകാശപൂരിതമാക്കാനണയും
പ്രഭാതമാണേ ഞങ്ങള്‍
പ്രകാശ സുന്ദര തീരം തേടും
വെള്ളി പിറാക്കള്‍ ഞങ്ങള്‍

വിശുദ്ധിയുടെ നേര്‍ ശുഭ്രതയില്‍
പാലൊളിയായ്‌ ഉണരും ഞങ്ങള്‍
കൂലം കുത്തിപായും നദികളെ
വെല്ലും  ത്വരയാല്‍ ഞങ്ങള്‍

ഇരുട്ടിലിഴയും മര്‍ത്ത്യനു വെട്ടം
കൊളുത്തി വയ്‌ക്കും ഞങ്ങള്‍
മുറിഞ്ഞ മനസ്സിന്‍ നൊമ്പരമേതും
പകുത്ത് വാങ്ങും ഞങ്ങള്‍

പതിതരുണര്‍ന്നെഴുന്നേല്‍ക്കാന്‍
വീര്യം പകര്‍ന്നു നല്‍കും ഞങ്ങള്‍
പീഡിതരുടെ ഇണതുണയായെന്നും
പറന്നണയും ഞങ്ങള്‍

മൌനം പൂണ്ട് സഹിക്കുന്നോരുടെ
സ്വരമായുണരും ഞങ്ങള്‍
മണ്ണില്‍ വീണു തളരുന്നോരുടെ
തണലാണെന്നും ഞങ്ങള്‍

മുള്ളുകള്‍ വാരിയെറിയുന്നോര്‍ക്കും
പൂവുകള്‍ നല്‍കും  ഞങ്ങള്‍
കല്ലും മുള്ളും നിറഞ്ഞപാതയില്‍
കൈകോര്‍ത്തിറങ്ങും ഞങ്ങള്‍
......
മഞ്ഞിയില്‍
1992 ല്‍ എഴുതിയത്