Thursday, December 31, 2020

നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു

നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു
നീ തന്ന...
അനുഗ്രഹങ്ങള്‍ക്ക് പകരമായി
വഴിവിളക്കും ദിശാ സൂചികയും
എനിക്കേകിയതിന്ന്‌ പകരമായി....

കനം തൂങ്ങി കുമ്പിട്ട് നില്‍ക്കുന്ന ഗോതമ്പ്
ചെടികള്‍ തന്‍ രാഗാര്‍ദ്ര മര്‍മ്മരങ്ങള്‍
ഏറ്റ് പാടിക്കൊണ്ടണയുന്ന കാറ്റിന്റെ
ചുണ്ടിലെ മധു മന്ത്ര ധ്വനികളാലോ ?

താരങ്ങള്‍ പൂക്കുമിരുട്ടിന്റെ താഴ്‌വരയില്‍
മിഴിപൂട്ടി നില്‍ക്കുന്ന പൂമൊട്ടുകള്‍
മൂളും രാഗ സുധയാല്‍ ചാഞ്ചാടും
ചില്ല തന്‍ ചേലൊത്ത ചൊടികളാലോ ?

മാരി വില്‍വിരിയുന്ന നാളുകളും കാത്ത്
മഴമേഘങ്ങള്‍ തന്‍ വരവും പാര്‍ത്ത്
കേഴുന്ന വേഴാമ്പല്‍ പക്ഷി തന്‍ ഗദ്‌ഗദം
ഉണരും തന്ത്രി തന്‍ സ്വരങ്ങളാലോ ?

നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു
നീ തന്ന...
അനുഗ്രഹങ്ങള്‍ക്ക് പകരമായി
വഴിവിളക്കും ദിശാ സൂചികയും
എനിക്കേകിയതിന്ന്‌ പകരമായി....

മഞ്ഞിയില്‍..